Saturday, May 15, 2010

പായസത്തൂക്കുപാത്രം അഥവാ ഒരു കല്യാണത്തിന്റെ ഓര്‍മ

ഏറ്റവും ചേര്‍ച്ചയുള്ള വധൂവരന്മാര്‍ എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന പ്രേമച്ചേച്ചിയുടെയും സതീശേട്ടന്റെയും വിവാഹമായിരുന്നു അന്ന്. വൈകുന്നേരം എങ്കക്കാട്ടിലെ പേരശ്ശിയുടെ വീടിന്റെ ടെറസ്സില്‍ ടീപാര്ടി. അധികം സംസാരിക്കാതെ ഒരല്പം പരുങ്ങലില്‍ സതീശേട്ടന്‍ . ചിരിച്ചും തമാശ പറഞ്ഞും പ്രേമച്ചേച്ചി തകര്‍ക്കുന്നു. കല്യാണപ്പെണ്ണ്‍ ആയാല്‍ കുറച്ചു നാണിച്ച് മിണ്ടാതെ നിന്നുകൂടെ എന്ന് ഞാന്‍ വിചാരിച്ചു. അതിനിടക്ക് തന്റെ പ്ലേറ്റില്‍ ജിലേബി കിട്ടിയില്ലെന്ന് പറഞ്ഞു പ്രശ്നമാക്കുന്നു പ്രേമച്ചേച്ചി ! സദസ്സില്‍ ചിരിയുയര്‍ന്നു. ആവേശഭരിതമായ ആ സായാഹ്നത്തില്‍ എനിക്ക് മറ്റൊരു മൂന്നാം ക്ലാസ്സുകാരിയെ കൂട്ട് കിട്ടി. കസേരകള്ക്കിടയിലൂടെ ഓടിയും, ഒരു കാരണവുമില്ലാതെ പൊട്ടിച്ചിരിച്ചും ഞങ്ങള്‍ തിമിര്‍ത്തു.

അന്ന് രാത്രി ഏഴ് മണിയുടെ ബസ്സില്‍ അച്ഛനും വെല്ല്യമുത്തശ്ശിയും ഞാനും വീട്ടിലേക്ക് തിരിച്ചു. ഞാന്‍അച്ഛന്റെ കൂടെ ബസ്സിന്റെ പിറകിലെ സീറ്റിലാണ് ഇരുന്നത്. മുത്തശ്ശി ബസ്സിന്റെ മുന്സീടിലും. മുത്തശ്ശിയുടെ കയ്യില്‍ കല്യാണവീട്ടില്‍ നിന്നുള്ള പായസം നിറച്ച തൂക്കുപാത്രം ഉണ്ടായിരുന്നു. തിരൂര്‍ പള്ളി ബസ് സ്റ്റോപ്പില്‍ ആണ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. അതിനിടക്ക് ആരോ വിളിച്ചു പറഞ്ഞു ഒരു പ്രായമായ സ്ത്രീ ഒറ്റക്ക് ഇറങ്ങിപ്പോയെന്ന്. ഞങ്ങള്‍ നോക്കുമ്പോള്‍ മുത്തശ്ശി ബസില്‍ ഇല്ല. നെഞ്ചില്‍ ഒരിടി വെട്ടി. ഞങ്ങള്‍ ഇറങ്ങി എതിരെയുള്ള ദിശയിലേക്കു നടന്നു. അച്ഛന്‍ മുത്തശ്ശിയെ ചീത്ത പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. എന്റെ മനസ്സില്‍ പായസത്തൂക്കുപാത്രം മാത്രമായിരുന്നു. കുറെ നടന്നപ്പോള്‍ ഇരുട്ടില്‍ ഒരു വെളുത്ത രൂപം തെളിഞ്ഞു വന്നു. വെളുത്ത ഒറ്റമുണ്ടും വേഷ്ടിയും ധരിച്ച് വെള്ളത്തലമുടിയുള്ള വെല്ല്യമുത്തശ്ശി. കയ്യില്‍ തൂക്കുപാത്രം ഭദ്രമായുണ്ട്. ഹാവൂ, സമാധാനമായി. കഴുത്തിലെ മണിമാല ഭദ്രമായി കയ്യില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്, ബുദ്ധിശാലിനി! "പള്ളി" എന്ന് ബസ്സിലെ കിളി വിളിച്ച് പറഞ്ഞപ്പോള്‍ ഇറങ്ങിയതാണ്. പക്ഷെ അത് 'വളപ്പായ' പള്ളി ആയിരുന്നു. അതുവരെ മുത്തശ്ശിയെ ചീത്ത പറഞ്ഞിരുന്ന അച്ഛന്‍ പിന്നീടൊന്നും പറഞ്ഞില്ല. മുത്തശ്ശിയുടെ ആജ്ഞാ ശക്തിയോടെതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കാറില്ല.

അറിയാത്ത ഏതോ അന്ധകാരത്തിലേക്ക് മുത്തശ്ശിയും അച്ഛനും പിന്നീട് ഇറങ്ങിപ്പോയി. എനിക്ക് അജ്ഞാതമായ വഴികളില്‍ ഞാന്‍ ഇപ്പോഴും അവരെ തിരഞ്ഞുകൊണ്ടിരിക്കുന്നു.

Thursday, May 15, 2008

കള്ളനെ പിടിച്ച പാവ

എന്നാണ് സ്വപ്നങ്ങള്‍ എന്നില്‍ ചേക്കേറാന്‍ തുടങ്ങിയത് എന്നോര്‍മയില്ല. പക്ഷെ അവ എന്നും എന്‍റെ സന്തത സഹചാരി ആയിരുന്നു. രാത്രിയില്‍ "അര്‍ജുനന്‍ ഫല്‍ഗുനന്‍..." നാമം ജപിച്ചാലും ഒരു ദയ ദാക്ഷിന്യവും ഇല്ലാതെ പേടിസ്വപ്നങ്ങള്‍ എന്‍റെ ചുറ്റും നൃത്തം കളിക്കാരുണ്ട്. അങ്ങിനെ ആലത്തൂര്‍ ഹനുമാനും അര്‍ജുനനും കൈവെടിഞ്ഞ ഒരു രാത്രിയിലാണ്‌ തലയില്‍ ഒരു കെട്ടും അരയില്‍ ബെല്ടും കെട്ടിയ അയാള്‍ ഞങ്ങളുടെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്. മുത്തശ്ശിയുടെ കൂടെ ഹാളില്‍ കിടന്നിരുന്ന ഞാന്‍ അയാളെ കണ്ടതും കാണാത്ത മട്ടില്‍ കണ്ണുകള്‍ അടച്ചു കിടന്നു. പേടി കൊണ്ട് എന്‍റെ നെഞ്ഞിടിപ്പ് കൂടി വന്നു. ഞങ്ങളുടെ കിടക്കയുടെ കീഴെ മുത്തശ്ശി ഒരു വെട്ടു കത്തി എപ്പോഴും സൂക്ഷിച്തിരു‌നു. കള്ളന്‍ വരുമ്പോള്‍ ചെറുത്‌ നില്‍ക്കാനനത് എന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്ത് ചെയ്യണം എന്ന ചിന്ത കൂടി വന്ന ഒരു നിമിഷത്തില്‍ ഞാന്‍ മുത്തശ്ശിയെ വിളിച്ച് ഉണര്‍ത്തി കാര്യം പറഞ്ഞു. എന്‍റെ നെഞ്ഞിടിപ്പ് താഴുന്നത് അനുസരിച്ച് മുത്തശ്ശിയുടെത് കൂടി കൂടി വന്നു. ഉച്ചത്തിലുള്ള ഒരു നിലവിളി കേട്ടിടാണ് അടുത്ത മുറികളില്‍ നിന്നും അച്ഛനും അഫന്മാരും ഓടി വന്നത്. ഒരു കയ്യില്‍ വെട്ടു കത്തിയും പിടിച്ചു നില്ക്കുന്ന മുത്തശ്ശിയെ ആണ് അവര്‍ കണ്ടത്.വീടും പറമ്പും മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ആരെയും അവര്‍ക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. ആ രാത്രി ആരും ഉറങ്ങിയില്ല. മുത്തശ്ശി ആരെയും ഉറങ്ങാന്‍ വിട്ടില്ല എന്നതാണ് സത്യം. രണ്ടാം ക്ലാസിലെ പാഠ പുസ്തകത്തിലെ "കള്ളനെ പിടിച്ച പാവ" എന്ന കഥയിലെ കള്ളന്‍റെ അതെ രൂപം ആയിരുന്നു അയാള്‍ക്കുണ്ടായിരുന്നത്.
വര്‍ഷങ്ങള്‍ ഒരു സ്വപ്നം പോലെ കൊഴിഞ്ഞു പോയി. ഒന്നര വയസ്സുള്ള മകന്‍ രാത്രിയില്‍ കരയുമ്പോള്‍ അത് പേടി സ്വപ്നം കണ്ടിട്ടാവും എന്ന തോന്നല്‍ ആണ് എനിക്ക് . എന്നിട്ടും അന്ന് കണ്ടത് ഒരു സ്വപ്നം ആയിരുന്നു എന്ന് പറയാന്‍ ഇന്നെനിക്ക് ധൈര്യം പോര.