Saturday, May 15, 2010

പായസത്തൂക്കുപാത്രം അഥവാ ഒരു കല്യാണത്തിന്റെ ഓര്‍മ

ഏറ്റവും ചേര്‍ച്ചയുള്ള വധൂവരന്മാര്‍ എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന പ്രേമച്ചേച്ചിയുടെയും സതീശേട്ടന്റെയും വിവാഹമായിരുന്നു അന്ന്. വൈകുന്നേരം എങ്കക്കാട്ടിലെ പേരശ്ശിയുടെ വീടിന്റെ ടെറസ്സില്‍ ടീപാര്ടി. അധികം സംസാരിക്കാതെ ഒരല്പം പരുങ്ങലില്‍ സതീശേട്ടന്‍ . ചിരിച്ചും തമാശ പറഞ്ഞും പ്രേമച്ചേച്ചി തകര്‍ക്കുന്നു. കല്യാണപ്പെണ്ണ്‍ ആയാല്‍ കുറച്ചു നാണിച്ച് മിണ്ടാതെ നിന്നുകൂടെ എന്ന് ഞാന്‍ വിചാരിച്ചു. അതിനിടക്ക് തന്റെ പ്ലേറ്റില്‍ ജിലേബി കിട്ടിയില്ലെന്ന് പറഞ്ഞു പ്രശ്നമാക്കുന്നു പ്രേമച്ചേച്ചി ! സദസ്സില്‍ ചിരിയുയര്‍ന്നു. ആവേശഭരിതമായ ആ സായാഹ്നത്തില്‍ എനിക്ക് മറ്റൊരു മൂന്നാം ക്ലാസ്സുകാരിയെ കൂട്ട് കിട്ടി. കസേരകള്ക്കിടയിലൂടെ ഓടിയും, ഒരു കാരണവുമില്ലാതെ പൊട്ടിച്ചിരിച്ചും ഞങ്ങള്‍ തിമിര്‍ത്തു.

അന്ന് രാത്രി ഏഴ് മണിയുടെ ബസ്സില്‍ അച്ഛനും വെല്ല്യമുത്തശ്ശിയും ഞാനും വീട്ടിലേക്ക് തിരിച്ചു. ഞാന്‍അച്ഛന്റെ കൂടെ ബസ്സിന്റെ പിറകിലെ സീറ്റിലാണ് ഇരുന്നത്. മുത്തശ്ശി ബസ്സിന്റെ മുന്സീടിലും. മുത്തശ്ശിയുടെ കയ്യില്‍ കല്യാണവീട്ടില്‍ നിന്നുള്ള പായസം നിറച്ച തൂക്കുപാത്രം ഉണ്ടായിരുന്നു. തിരൂര്‍ പള്ളി ബസ് സ്റ്റോപ്പില്‍ ആണ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. അതിനിടക്ക് ആരോ വിളിച്ചു പറഞ്ഞു ഒരു പ്രായമായ സ്ത്രീ ഒറ്റക്ക് ഇറങ്ങിപ്പോയെന്ന്. ഞങ്ങള്‍ നോക്കുമ്പോള്‍ മുത്തശ്ശി ബസില്‍ ഇല്ല. നെഞ്ചില്‍ ഒരിടി വെട്ടി. ഞങ്ങള്‍ ഇറങ്ങി എതിരെയുള്ള ദിശയിലേക്കു നടന്നു. അച്ഛന്‍ മുത്തശ്ശിയെ ചീത്ത പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. എന്റെ മനസ്സില്‍ പായസത്തൂക്കുപാത്രം മാത്രമായിരുന്നു. കുറെ നടന്നപ്പോള്‍ ഇരുട്ടില്‍ ഒരു വെളുത്ത രൂപം തെളിഞ്ഞു വന്നു. വെളുത്ത ഒറ്റമുണ്ടും വേഷ്ടിയും ധരിച്ച് വെള്ളത്തലമുടിയുള്ള വെല്ല്യമുത്തശ്ശി. കയ്യില്‍ തൂക്കുപാത്രം ഭദ്രമായുണ്ട്. ഹാവൂ, സമാധാനമായി. കഴുത്തിലെ മണിമാല ഭദ്രമായി കയ്യില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്, ബുദ്ധിശാലിനി! "പള്ളി" എന്ന് ബസ്സിലെ കിളി വിളിച്ച് പറഞ്ഞപ്പോള്‍ ഇറങ്ങിയതാണ്. പക്ഷെ അത് 'വളപ്പായ' പള്ളി ആയിരുന്നു. അതുവരെ മുത്തശ്ശിയെ ചീത്ത പറഞ്ഞിരുന്ന അച്ഛന്‍ പിന്നീടൊന്നും പറഞ്ഞില്ല. മുത്തശ്ശിയുടെ ആജ്ഞാ ശക്തിയോടെതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കാറില്ല.

അറിയാത്ത ഏതോ അന്ധകാരത്തിലേക്ക് മുത്തശ്ശിയും അച്ഛനും പിന്നീട് ഇറങ്ങിപ്പോയി. എനിക്ക് അജ്ഞാതമായ വഴികളില്‍ ഞാന്‍ ഇപ്പോഴും അവരെ തിരഞ്ഞുകൊണ്ടിരിക്കുന്നു.